2026-ലെ പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ തീരുമാനത്തിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഐസിസിയുടെ നിർണ്ണായക യോഗം ബുധനാഴ്ച നടക്കാനിരിക്കെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) കരുത്തുപകരുന്ന നിലപാടുമായി പാകിസ്ഥാൻ കത്തെഴുതിയത്.

ഐപിഎൽ 2026 സീസണിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബിസിസിഐ ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ നയതന്ത്ര ബന്ധങ്ങൾ വഷളായിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മത്സരങ്ങൾ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ പിന്തുണയോടെ ബിസിബി ആവശ്യപ്പെടുന്നത്. ടൂർണമെന്റ് തുടങ്ങാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, മത്സരക്രമത്തിൽ മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് ഐസിസി.
ബംഗ്ലാദേശിന്റെ മത്സരങ്ങൾ പാകിസ്ഥാനിൽ നടത്താൻ തയ്യാറാണെന്ന വാഗ്ദാനം പിസിബി മുന്നോട്ടുവെച്ചതായും അതല്ലെങ്കിൽ തങ്ങളുടെ ടീമിനെ ടൂർണമെന്റിൽ നിന്ന് പിൻവലിക്കുന്ന കാര്യം പരിഗണിക്കുമെന്നും അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്താൻ അവരുടെ ലോകകപ്പ് ഒരുക്കങ്ങൾ നിർത്തി വെച്ചതായും റിപ്പോർട്ട് ഉണ്ട്. ജനുവരി 21-നകം ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കണമെന്ന കർശന നിർദ്ദേശമാണ് ഐസിസി നൽകിയിട്ടുള്ളത്. ഷെഡ്യൂൾ മാറ്റാൻ ഐസിസി തയ്യാറല്ലെങ്കിലും പിസിബിയുടെ ഇടപെടൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
അതേസമയം, ലോകകപ്പിനെച്ചൊല്ലിയുള്ള ഈ തർക്കം ബംഗ്ലാദേശിന്റെ ആഭ്യന്തര ക്രിക്കറ്റിനെയും ബാധിച്ചു കഴിഞ്ഞു. ലോകകപ്പിൽ നിന്ന് രാജ്യം പിന്മാറിയാൽ തങ്ങളുടെ വരുമാനം നിലയ്ക്കുമെന്ന ഭയത്തിൽ കളിക്കാർ ബംഗ്ലാദേശ് പ്രീമിയർ ലീഗ് (ബിപിഎൽ) ബഹിഷ്‌കരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റിന് രാഷ്ട്രീയ തർക്കങ്ങൾ നിഴൽ വീഴ്ത്തുന്നതിൽ വലിയ നിരാശയാണ് കായികലോകത്തുള്ളത്. ഇന്ന് നടക്കുന്ന ഐസിസി യോഗം എല്ലാ ടീമുകളെയും ഒന്നിപ്പിക്കുന്ന ഒരു പ്രായോഗിക പരിഹാരം കണ്ടെത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.









