ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നഷ്ടമായി. ഇന്ന് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ഓസ്ട്രേലിയ വിജയം സ്വന്തമാക്കി. ഇന്ന് ആദ്യ സെഷനിൽ ഓസ്ട്രേലിയ ഇന്ത്യയെ 157 റൺസിന് എറിഞ്ഞിട്ടിരുന്നു. ഇതോടെ ഓസ്ട്രേലിയക്ക് വിജയിക്കാൻ 162 റൺസ് എന്ന വിജയ ലക്ഷ്യം ലഭിച്ചു. അവർ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം ചെയ്സ് ചെയ്തു. ഇതോടെ പരമ്പര അവർ 3-1ന് സ്വന്തമാക്കി. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഇതോടെ അവസാനിച്ചു.
ക്യാപ്റ്റൻ ബുമ്രക്ക് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സിൽ ബുമ്ര പന്ത് എറിഞ്ഞില്ല. ഇതോടെ ഇന്ത്യ സിറാജിനെയും പ്രസീദ് കൃഷ്ണയെയും ഏറെ ആശ്രയിക്കേണ്ടി വന്നു.
22 റൺസ് എടുത്ത കോൺസ്റ്റാസ്, 6 റൺസ് എടുത്ത ലബുഷാനെ, 4 റൺസ് എടുത്ത സ്മിത്ത് എന്നിവരെ പ്രസീദ് കൃഷ്ണ പുറത്താക്കി. 41 റൺസ് എടുത്ത ഖവാജയെ സിറാജും പുറത്താക്കി.
എങ്കിലും ഓസ്ട്രേലിയ വേഗത്തിൽ റൺസ് നേടിയത് ഓസ്ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. ട്രാവിസ് ഹെഡും വെബ്സ്റ്ററും അനായാസം സ്കോർ ചെയ്ത് വിജയത്തിലേക്ക് എത്തി. ഹെഡ് 34 റൺസും വെബ്സ്റ്റർ 39 റൺസും എടുത്തു പുറത്താകാതെ നിന്നു.