2025 ലെ ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ നിരാശ ഇല്ല എന്ന് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏകദിനങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടതാണ് താൻ ഒഴിവാക്കപ്പെടാനുള്ള കാരണം എന്നും അത് അംഗീകരിക്കുന്നു എന്നും സൂര്യകുമാർ പറഞ്ഞു.

“എന്തുകൊണ്ട് അതെന്നെ വേദനിപ്പിക്കണം? ഞാൻ നന്നായി കളിച്ചിരുന്നെങ്കിൽ, ഞാൻ ചാമ്പ്യൻസ് ട്രോഫിയിൽ ഉണ്ടാകുമായിരുന്നു. ഞാൻ നന്നായി കളിച്ചില്ലെങ്കിൽ, അത് ഞാൻ അംഗീകരിക്കണമെന്നത് പ്രധാനമാണ്,” സൂര്യകുമാർ പറഞ്ഞു.
“നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടീമിനെ നോക്കുകയാണെങ്കിൽ, അത് ശരിക്കും മികച്ച ടീമാണെന്ന് മനസ്സിലാകും. അവിടെ ഉള്ളവരെല്ലാം, മികച്ച കളിക്കാരാണ്. അവർ ഇന്ത്യയ്ക്കായി ആ ഫോർമാറ്റിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു, എനിക്ക് ആ ടീമിൽ സന്തോഷമുണ്ട്.” – സൂര്യ പറഞ്ഞു
2023 ലെ ലോകകപ്പ് ഫൈനലിലാണ് സൂര്യകുമാർ അവസാനമായി ഒരു ഏകദിനം കളിച്ചത്. 37 ഏകദിന മത്സരങ്ങളിൽ നിന്ന് 25.76 ശരാശരിയിൽ 773 റൺസ് മാത്രമെ സൂര്യകുമാറിന് നേടാൻ ആയിട്ടുള്ളൂ.














