അടുത്ത ആഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ നയിക്കാൻ സാധ്യത. സൂര്യകുമാർ ക്യാപ്റ്റൻ ആകും എന്ന് ഇന്ത്യൻ എക്സ്പ്രസ്സ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിൽ കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. അതാണ് ക്യാപ്റ്റൻസിക്ക് സൂര്യയെ പരിഗണിക്കാൻ കാരണം.

ഓസ്‌ട്രേലിയയ്‌ക്കെതിരായി അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര ആണ് ഇന്ത്യ കളിക്കുക. നവംബർ 23 ന് വിശാഖപട്ടണത്തിൽ ആരംഭിക്കുന്ന പരമ്പര ഡിസംബർ 3 ന് ഹൈദരാബാദിൽ അവസാനിക്കും. ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഐയുടെ സീനിയർ ദേശീയ സെലക്ഷൻ കമ്മിറ്റി ഉടൻ യോഗം ചേരും. ലോകകപ്പിൽ ഉള്ള ഭൂരിഭാഗം താരങ്ങൾക്കും ഇന്ത്യ വിശ്രമം നൽകും. ദ്രാവിഡും ടീമിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ല.














