2026 ടി20 ലോകകപ്പോടെ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി സ്പെൽ അവസാനിക്കും. 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഡിസംബർ 20-ന് പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. കഴിഞ്ഞ 14 മാസമായി കളിച്ച 24 മത്സരങ്ങളിൽ ബാറ്റിംഗിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, 35-കാരനായ സൂര്യകുമാർ യാദവ് തന്നെ ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 7-ന് മുംബൈയിൽ യുഎസ്എയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സൂര്യകുമാറിന്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ലോകകപ്പിന് തൊട്ടുമുൻപ് നായകനെ മാറ്റി ടീമിന്റെ താളം തെറ്റിക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ല. ലോകകപ്പിന് മുന്നോടിയായുള്ള ന്യൂസിലൻഡ് ടി20 പരമ്പരയ്ക്കുള്ള ടീമിനെയും ഇതോടൊപ്പം പ്രഖ്യാപിക്കും. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങൾ സ്ക്വാഡിലുണ്ടാകും. യശസ്വി ജയ്‌സ്വാൾ സ്റ്റാൻഡ്ബൈ താരമായി ഉൾപ്പെടാനാണ് സാധ്യത.
സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും, ഫോമിലല്ലാത്ത ഒരു നായകനുമായി സ്വന്തം നാട്ടിൽ ലോകകപ്പിന് ഇറങ്ങുന്നത് വലിയൊരു റിസ്ക് കൂടിയാണ്. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
സൂര്യകുമാർ യാദവിന് പകരം ഗിൽ ഇന്ത്യൻ ടി20 ടീമിനെ നയിക്കാൻ ആണ് സാധ്യത. ശ്രേയസ് അയ്യറിനെയും പരിഗണിക്കുന്നുണ്ട്.









