സൗത്താംപ്ടണില്‍ ഇംഗ്ലണ്ട് പിച്ച് പേസിനെ തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞാണ് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയത്. അത് താരത്തെ വളരെ അധികം സങ്കടത്തിലും ദേഷ്യത്തിലുമാക്കിയെന്ന് സ്റ്റുവര്‍ട് ബ്രോഡ് തന്നെ വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ പേസുള്ള ജോഫ്രയെയും മാര്‍ക്ക് വുഡിനെയും കളിപ്പിക്കുവാന്‍ വേണ്ടി തന്നെ പുറത്തിരുത്തിയപ്പോള്‍ ബ്രോഡിന് ടീമിലെ നഷ്ടമായത് എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ്.
കൊറോണ ആരംഭിച്ച് കളി തടസ്സപ്പെടുന്നതിന് മുമ്പുള്ള കാലം മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന തന്നെ പുറത്തിരുത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും അതിന് യാതൊരു ബോധമുള്ള ന്യായീകരണവും തനിക്ക് കാണാനായില്ലെന്നുമാണ് സ്റ്റുവര്‍ട് ബ്രോഡ് പറഞ്ഞത്. താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് അതിശക്തമായി തന്നെ ആലോചിക്കുകയും ചെയ്തിരുന്നുവെന്ന് സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി.
താന്‍ അത്രയ്ക്ക് തകര്‍ന്നിരുന്നുവെന്നും അതിനാല്‍ തന്നെ റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് ബ്രോഡ് വ്യക്തമാക്കിയത്. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കളിച്ച താരം 16 വിക്കറ്റ് നേടി മാന്‍ ഓഫ് ദി സീരീസ് മാത്രമല്ല തന്റെ 500ാം വിക്കറ്റെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.
തന്നെ ഒരു മത്സരത്തിലേക്ക് മാത്രമാണ് പുറത്തിരുത്തിയതെങ്കിലും തന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍ തയ്യാറായിരുന്നില്ലെന്നും അതിനാല്‍ തന്നെ താന്‍ ഇതിന് മുമ്പെല്ലാം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ കടന്ന് പോയ ഒരു സാഹചര്യത്തിലൂടെയല്ല ഇത്തവണ പോയിരുന്നതെന്നും സ്റ്റോക്സ് തന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്റെ ശരീരം നുറുങ്ങുന്ന തരത്തിലുള്ള വേദന തനിക്കുണ്ടായിരുന്നുവെന്നും സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി.