ഐപിഎലില്‍ ഫ്ലോട്ടറുടെ റോളില്‍ ഉപയോഗിക്കപ്പെട്ട ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസ് ആദ്യ മത്സരങ്ങള്‍ മധ്യ നിരയില്‍ ഇറങ്ങിയപ്പോള്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ ഓപ്പണറുടെ റോളിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഓപ്പണറായി എത്തി നേടിയ വേഗത്തിലുള്ള 38 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിനെ പിന്തള്ളി ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം നടന്നപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ താരം 13 വിക്കറ്റും 352 റണ്‍സുമാണ് നേടിയത്.
ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗിനാണ് താരം തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിച്ചത്. തന്നില്‍ വളരെ അധികം വിശ്വാസമുള്ള വ്യക്തിയാണ് റിക്കിയെന്നും തനിക്ക് വലിയ ഉത്തരവാദിത്വം നല്‍കുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ സ്റ്റോയിനിസ് എന്നാല്‍ താന്‍ കുറച്ച് കൂടി സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് തുറന്ന് സമ്മതിച്ചു.
മത്സരത്തിന്റെ ഏത് ഘട്ടത്തിലായാലും തനിക്ക് ടീമിന് വേണ്ടി പ്രഭാവം സൃഷ്ടിക്കുവാന്‍ സന്തോഷമേയുള്ളുവെന്നും താന്‍ റിക്കിയോട് തന്നെ ആവശ്യമെങ്കില്‍ ഏത് ദൗത്യവും വിശ്വസിച്ച് ഏല്പിക്കാമെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
താന്‍ റിക്കി പോണ്ടിംഗിന്റെ വലിയൊരു ഫാനാണെന്നും താരം നെറ്റ്സിലും മറ്റും തന്നെ വളരെ അധികം സഹായിക്കാറുണ്ടെന്നും മാര്‍ക്കസ് വ്യക്തമാക്കി.