ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്തായെങ്കിലും തന്റെ ഏകദിന-ടി20 മോഹങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രവി ചന്ദ്രന്‍ അശ്വിന്‍. ഒരു പരമ്പരയില്‍ അശ്വിനും ജഡേജയ്ക്കും വിശ്രമം നല്‍കി ഇന്ത്യ കുല്‍ദീപ് യാദവിനും യൂസുവേന്ദ്ര ചഹാലിനും അവസരം നല്‍കിയ ശേഷം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് തിരികെ ടീമിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തന്നെ മോശം ഫോമിന്റെ പുറത്തല്ല ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന പൂര്‍ണ്ണ ബോധമുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. അതിനാല്‍ തന്നെ ഇന്ത്യ ലോകകപ്പിന്റെ സമയത്ത് തന്നെ ടീമിലേക്ക് പരിഗണിക്കുമന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഇന്ത്യയ്ക്കായി ജൂണ്‍ 2017ല്‍ അവസാനമായി ടി20യും ജൂലൈ 2017ല്‍ അവസാനമായി ഏകദിനവും കളിച്ച അശ്വിന്‍ പറയുന്നത്.
താന്‍ ഒഴിവാക്കപ്പെട്ടത് തന്റെ ഫോമില്ലായ്മ കൊണ്ടല്ലെന്ന് പറഞ്ഞ അശ്വിന്‍ എന്നാല്‍ തനിക്ക് ഏറെ മെച്ചപ്പെടുത്തുവാനുണ്ടെന്നും തുറന്ന് സമ്മതിക്കുന്നുണ്ട്. യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ നിന്നുള്ള കനത്ത വെല്ലുവിളികളെ അതിജീവിച്ച് വേണം അശ്വിനു തിരികെ ലോകകപ്പ് ടീമിലെത്തുവാനുള്ളത് എന്നത് താരത്തിനു കാര്യങ്ങള്‍ എളുപ്പമല്ലാതാക്കുന്നുണ്ട്.
മികവ് പുലര്‍ത്തുന്ന ഇരു താരങ്ങളുടെയും പ്രയത്നങ്ങളെ പ്രശംസിച്ച അശ്വിന്‍ തനിക്ക് ഇനിയും സാധ്യതയുണ്ടെന്നതിനു വിശ്വസിക്കുന്ന കാരണം വ്യക്തമാക്കിയത് താന്‍ ടീമില്‍ നിന്ന് പുറത്ത് പോയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ്. ലോകകപ്പ് എന്നാല്‍ ഏതൊരു ക്രിക്കറ്ററും കളിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വേദിയാണ്, തനിക്കും ആ ആഗ്രഹം തീവ്രമായുണ്ടെന്ന് അശ്വിന്‍ കൂട്ടിചേര്‍ത്തു.