തന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് റിട്ടയര്‍മെന്റ് 2019 ലോകകപ്പിനു ശേഷം മാത്രമെന്ന് അറിയിച്ച് ഡെയില്‍ സ്റ്റെയിന്‍. പരിക്ക് മൂലം ഏറെക്കാലം ടീമിനു പുറത്തായിരുന്ന സ്റ്റെയിന്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും പഴയ പ്രതാപ്പത്തിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ വെറും 2 വിക്കറ്റുകളാണ് ഈ ദക്ഷിണാഫ്രിക്കന്‍ താരം രണ്ട് ടെസ്റ്റുകളില്‍ നിന്നായി നേടിയത്. തന്റെ പ്രകടനത്തില്‍ സ്റ്റെയിന്‍ തന്നെ അസ്വസ്ഥനാണെന്നാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി പറഞ്ഞത്.
ഇപ്പോള്‍ ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ താരത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും താന്‍ റിട്ടയര്‍മെന്റ് 2019 ലോകകപ്പിനു മാത്രമേ ചിന്തിക്കുന്നുള്ളുവെന്നാണ് സ്റ്റെയിന്‍ അഭിപ്രായപ്പെട്ടത്. ലോകകപ്പിനു ടീമില്‍ തിരികെ കയറുവാനുള്ള ശ്രമങ്ങളാണ് തന്റെ മുന്നിലുള്ള ഇപ്പോളത്തെ ലക്ഷ്യം. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറ്റവും പരിചയസമ്പന്നന്‍ എന്ന കാര്യം തനിക്ക് അനുകൂലമായേക്കും എന്നാണ് സ്റ്റെയിന്‍ പറയുന്നത്.
അടുത്ത ലോകകപ്പ് സമയത്ത് തനിക്ക് 40-41 വയസ്സായിരിക്കും. അതിനു എന്തായാലും താന്‍ പങ്കെടുക്കുന്നത് വിചാരിക്കാനെ ആവില്ല. അതിനാല്‍ 2019 ലോകകപ്പാണ് തന്റെ അവസാനത്തെ സാധ്യമായ ലോകകപ്പ്. അതിനു വേണ്ടി ശ്രമിക്കുക തന്നെ താന്‍ ചെയ്യുമെന്നും താരം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
