കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. 18 മാസത്തെ വിലക്കിന് ശേഷം തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
തനിക്ക് ക്യാപ്റ്റന്‍സി അവസരം നല്കുകയാണെങ്കില് താന്‍ വീണ്ടും അത് ഏറ്റെടുക്കുവാന്‍ തയ്യാറാണെന്നാണ് സ്മിത്ത് ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുക്കുകയായിരുന്നു.
ജസ്റ്റിന് ലാംഗറിന്റെ കോച്ചിംഗില്‍ ആഷസ് നിലനിര്‍ത്തുവാന്‍ ടിം പെയിനിന് സാധിച്ചുവെങ്കിലും താരത്തിന് 36 വയസ്സാണെന്നുള്ളതാണ് ഇനി ഭാവി എന്തെന്നുള്ള ചോദ്യത്തിലേക്ക് നയിക്കുന്നത്.
ഓസ്ട്രേലിയയുടെ നിലവിലെ ഉപ നായകനായ പാറ്റ് കമ്മിന്‍സ് ആണ് മറ്റൊരു ക്യാപ്റ്റന്‍സി സ്ഥാനമോഹിയെങ്കിലും പൊതുവില്‍ ഓസ്ട്രേലിയ ഫാസ്റ്റ് ബൗളര്‍മാരെ ക്യാപ്റ്റനാക്കുന്നതില്‍ വിമുഖത പ്രകടപ്പിക്കുന്ന രാജ്യമാണ്.
1956ല്‍ റേ ലിന്‍ഡ്വാള്‍ ആണ് അവസാനമായി ഓസ്ട്രേലിയയെ നയിച്ച ഫാസ്റ്റ് ബൗളര്‍. സ്മിത്ത് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് ഈ നീക്കത്തിനോട് താല്പര്യമുണ്ടോയെന്നതില് വ്യക്തതയില്ല.