ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൺഡ്രഡ് മത്സരത്തിൽ വെൽഷ് ഫയർ ടീമിന്റെ ക്യാപ്റ്റനായി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ തിരഞ്ഞെടുത്തു. 2018ൽ ഉണ്ടായ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനാവുന്നത്. സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുന്ന സമയത്താണ് പന്ത് ചുരണ്ടൽ വിവാദം ഉണ്ടായതും താരത്തിന്റെ ക്യാപ്റ്റൻസി നഷ്ടമായതും.
വെൽഷ് ഫയറിന്റെ ക്യാപ്റ്റനാക്കിയതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കേർസ്റ്റൻ ആണ് വെൽഷ് ഫയറിന്റെ പരിശീലകൻ. ജൂലൈ 17നാണ് ദി ഹൺഡ്രഡ് ടൂർണമെന്റിൽ വെൽഷ് ഫയറിന്റെ ആദ്യ മത്സരം. സ്റ്റീവ് സ്മിത്തിനെ കൂടാതെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്‌റ്റോ, ടോം ബാന്റൺ, ലിയാം പ്ലങ്കറ്റ്, ഡെന്നി ബ്രിഗ്‌സ്, വെസ്റ്റിൻഡീസ് താരം രവി റാംപോൾ എന്നിവരും വെൽഷ് ഫയറിന് വേണ്ടി കളിക്കുന്നുണ്ട്.