കൊറോണ വൈറസ് നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനുള്ള ഇന്ത്യയുടെ ശ്രമം നടക്കില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി. ജൂലൈ മധ്യത്തിൽ പര്യടനം നടത്താൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തുടർന്നാണ് ബി.സി.സി.ഐ പ്രതിനിധിയുടെ പ്രതികരണം.
നിലവിലെ സാഹചര്യത്തിൽ പരമ്പര നടക്കുക ദുഷ്ക്കരമാണെന്നും കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ച ബെംഗളൂരിലും മുംബൈയിലും ഇന്ത്യൻ താരങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. ബി.സി.സി.ഐ മറ്റു ബോർഡുകളുമായുള്ള പരമ്പരകളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ നിശ്ചയിച്ച പ്രകാരം പരമ്പര നടന്നില്ലെങ്കിൽ രണ്ടു ബോർഡുകൾക്കും പറ്റുന്ന സാഹചര്യത്തിൽ പരമ്പരകൾ നടത്താമെന്നും ബി.സി.സി.ഐ അറിയിച്ചു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ജൂലൈ മധ്യത്തിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയാണ് നിലവിൽ പ്രധാനമെന്നും റെഡ് സോണിൽ ഉള്ള താരങ്ങൾക്ക് നിലവിൽ ഗ്രീൻ സോണിലേക്ക് വരാൻ കഴിയില്ലെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.