മഴയില്‍ കുതിരാത്ത ആവേശപ്പോര്, 3 റണ്‍സ് ജയം ശ്രീലങ്കയ്ക്ക്

Sports Correspondent

മഴ പലതവണ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ 3 റണ്‍സിന്റെ ജയം സ്വന്തമാക്കി ശ്രീലങ്ക.  പരമ്പരയിലെ ആദ്യം ജയമാണ് ശ്രീലങ്കയുടേത്. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നിന്നാണ് അവസാന ഓവറുകളില്‍ ജയം ശ്രീലങ്ക പിടിച്ചെടുത്തത്. 7 പന്ത് ശേഷിക്കെ കേശവ് മഹാരാജും ഡേവിഡ് മില്ലറും ടീമിനെ വിജയിപ്പിക്കുവാന്‍ എട്ട് റണ്‍സ് മാത്രം മതിയെന്ന സ്ഥിതിയില്‍ നിന്നാണ് മഹാരാജിനെയും മില്ലറെയും പുറത്താക്കി ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്.

39 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിനു ശേഷം മഴ വീണ്ടും വില്ലനായി എത്തിയപ്പോള്‍ മത്സരം വീണ്ടും 21 ഓവറായി ചുരുക്കുകയായിരുന്നു. ലക്ഷ്യം 21 ഓവറില്‍ നിന്ന് 191 റണ്‍സ്. ഹാഷിം അംല(40), ജീന്‍ പോള്‍ ഡുമിനി(23), ക്വിന്റണ്‍ ഡിക്കോക്ക്(23) എന്നിവരുടെ ബാറ്റിംഗ് മികവില്‍ അവസാന മൂന്നോവറില്‍ ലക്ഷ്യം 24 റണ്‍സാക്കി ദക്ഷിണാഫ്രിക്ക കുറച്ച് കൊണ്ടുവന്നുവെങ്കിലും കൈവശമുണ്ടായിരുന്നത് 3 വിക്കറ്റ് മാത്രം.

എട്ടാം വിക്കറ്റില്‍ 28 റണ്‍സ് കൂട്ടുകെട്ട് നേടിയ ഡേവിഡ് മില്ലര്‍-കേശവ് മഹാരാജ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ നാലാം ജയത്തിനു അരികിലേക്ക് നയിക്കുകയായിരുന്നു. കേശവ് മഹാരാജ് 17 റണ്‍സാണ് നേടിയത്. ലക്ഷ്യം 7 പന്തില്‍ എട്ടാക്കി ബൗണ്ടറിയലൂടെ മാറ്റിയ ശേഷം ഓവറിന്റെ അവസാന പന്തില്‍ കേശവ് മഹാരാജ് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പരത്തി. ഓവറിന്റെ അവസാന പന്തില്‍ തിസാര പെരേരയാണ് കേശവ് മഹാരാജിനെ പുറത്താക്കിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 8 റണ്‍സ് വേണമെന്നിരിക്കെ സുരംഗ ലക്മല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതെ വന്ന മില്ലര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായതോടു കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ ദുര്‍ഘടമായി. അവസാന പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 21 ഓവറില്‍ 187 റണ്‍സില്‍ അവസാനിച്ചു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നും തിസാര പെരേര 2 വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 306 റണ്‍സാണ് 39 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial