345 റണ്‍സെന്ന ശ്രീലങ്കയുടെ പടുകൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന് നാണംകെട്ട തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ 184 റണ്‍സിന് 39.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ ശ്രീലങ്ക 161 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി അവിഷ്ക ഫെര്‍ണാണ്ടോയും കുശല്‍ മെന്‍ഡിസും ശതകങ്ങള്‍ നേടിയപ്പോളാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന വലിയ സ്കോര്‍ ശ്രീലങ്ക നേടിയത്.
അവിഷ്ക 127 റണ്‍സും കുശല്‍ മെന്‍ഡിസ് 119 റണ്‍സുമാണ് നേടിയത്. 9/2 എന്ന നിലയിലേക്ക് വീണ ലങ്കയ്ക്കായി 239 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇവര്‍ മൂന്നാം വിക്കറ്റില്‍ നേടിയത്. തിസാര പെരേര 36 റണ്‍സ് നേടിയപ്പോള്‍ ചുരുങ്ങിയ പന്തുകളില്‍ വേഗത്തില്‍ സ്കോറിംഗ് നടത്തി ധനന്‍ജയ ഡിസില്‍വ(12), വനിഡു ഹസരംഗ(17), ഇസ്രു ഉഡാന(17*) എന്നിവരും തിളങ്ങി. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് നേടി.
51 റണ്‍സ് നേടിയ ഷായി ഹോപും 31 റണ്‍സ് നേടിയ നിക്കോളസ് പൂരനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മൂന്ന് വീതം വിക്കറ്റുമായി ലക്ഷന്‍ സണ്ടകനും വനിഡു ഹസരംഗയ്ക്കും രണ്ട് വിക്കറ്റ് നേടി നുവാന്‍ പ്രദീപുമാണ് ലങ്കന്‍ ബൗളര്‍മാരിലെ താരങ്ങള്‍.













