ഇംഗ്ലണ്ടിനെ 421 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ഭേദപ്പെട്ട പ്രകടനം. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ടീം 2 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ 135 റണ്‍സിന് ഓള്‍ഔട്ട് ആയ ടീമില്‍ നിന്ന് വളരെ വലിയ വ്യത്യാസമാണ് ബാറ്റിംഗ് നിലവാരത്തില്‍ ശ്രീലങ്ക കാണിച്ചത്.
ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 130 റണ്‍സ് ഇനിയും ലങ്ക നേടേണ്ടതുണ്ട്. ഇന്ന് ഓപ്പണര്‍മാരായ കുശല്‍ പെരേരയും ലഹിരു തിരിമന്നേയും ചേര്‍ന്ന് ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ 101 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 62 റണ്‍സ് നേടിയ കുശല്‍ പെരേരയെ സാം കറന്‍ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
തുടര്‍ച്ചയായ നാല് ഇന്നിംഗ്സുകളില്‍ പൂജ്യത്തിന് പുറത്തായ കുശല്‍ മെന്‍ഡിസിന് ഈ ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കാനായപ്പോള്‍ രണ്ടാം വിക്കറ്റില്‍ 54 റണ്‍സ് കൂടി തിരിമന്നേയുമായി താരം നേടിയെങ്കിലും 15 റണ്‍സ് നേടിയ മെന്‍ഡിസിനെ ജാക്ക് ലീഷ് പുറത്താക്കുകയായിരുന്നു. 76 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ലഹിരു തിരിമന്നേയ്ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ നൈറ്റ്‍വാച്ച്മാന്‍ ലസിത് എംബുല്‍ദേനിയ ആണ് ശ്രീലങ്കയ്ക്കായി ക്രീസിലുള്ളത്.