ശ്രീലങ്കയുടെ പുതിയ കേന്ദ്ര കരാറില്‍ ഒപ്പുവയ്ക്കുവാന്‍ വിസ്സമ്മതിച്ച് താരങ്ങള്‍. വേതനം കുറച്ച ശ്രീലങ്കന്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. സീനിയര്‍ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമല്‍, ആഞ്ചലോ മാത്യൂസ് എന്നിവരാണ് കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ച പ്രധാന താരങ്ങള്‍.
40 ശതമാനം കുറവാണ് വേതനത്തില്‍ ലങ്കന്‍ ബോര്‍ഡ് വരുത്തിയിരിക്കുന്നതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യ ലങ്കയിലേക്ക് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുവാനെത്തുന്ന സാഹചര്യത്തില്‍ താരങ്ങളുടെ ഈ പ്രതിഷേധം പരമ്പരയെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
സാമ്പത്തികമായി പ്രതിസന്ധിയിലായ ശ്രീലങ്കന്‍ ബോര്‍ഡിന് സഹായമായേക്കാവുന്ന ഒരു പരമ്പരയാണ് ഇന്ത്യയുടെ ലങ്കന്‍ പരമ്പര. ബിസിസിഐ ഇതിന് സമ്മതിച്ചത് തന്നെ ശ്രീലങ്കന്‍ ബോര്‍ഡിന് സഹായമെന്ന നിലയിലാണ് വാര്‍ത്തകളെങ്കിലും ഇപ്പോള്‍ താരങ്ങളുടെ ഈ തീരുമാനം പരമ്പരയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
24 താരങ്ങള്‍ക്കാണ് കേന്ദ്ര കരാര്‍ ലങ്കന്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 3ന് അകം കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.