ശ്രീലങ്കയ്ക്ക് ഡര്‍ബനില്‍ 304 റണ്‍സ് വിജയ ലക്ഷ്യം. ലസിത് എംബുല്‍ദെനിയയും വിശ്വ ഫെര്‍ണാണ്ടോയും മികവ് പുലര്‍ത്തിയപ്പോള്‍ 259 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 126/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 133 റണ്‍സ് കൂടിയാണ് മത്സരത്തിന്റെ മൂന്നാം ദിവസം നേടാനായത്. 90 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 55 റണ്‍സുമായി ഡി കോക്കും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഡികോക്കും ഫാഫും പുറത്തായ ശേഷം ദക്ഷിണാഫ്രിക്ക ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. 251/5 എന്ന നിലയില്‍ നിന്ന് 259 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ എട്ട് റണ്‍സിനാണ് ടീമിനു ശേഷിക്കുന്ന 5 വിക്കറ്റ് നഷ്ടമായത്. ലസിത് എംബുല്‍ദെനിയ അഞ്ചും വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 83/3 എന്ന നിലയിലാണ്. 20 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേ(21), കുശല്‍ മെന്‍ഡിസ്(0) എന്നിവരെ ടീമിനു നഷ്ടമായപ്പോള്‍ ഒഷാഡ ഫെര്‍ണാണ്ടോയും(28*) കുശല്‍ പെരേരയുമാണ്(12*) ക്രീസില്‍ നില്‍ക്കുന്നത്. വിജയത്തിനായി ഏഴ് വിക്കറ്റ് അവശേഷിക്കെ 221 റണ്‍സാണ് ലങ്ക നേടേണ്ടത്.
മൂന്നാം ദിവസത്തെ കളി മഴ മൂലം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.