സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് അവിസ്മരണീയ ജയം. അവസാന വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് ശ്രീലങ്ക ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. വെറും 95 പന്തിൽ നിന്നാണ് അവസാന വിക്കറ്റിൽ ശ്രീലങ്ക 78 റൺസ് കൂട്ടിച്ചേർത്തത്. പുറത്താവാതെ 153 റൺസ് നേടിയ കുശാൽ പെരേരയുടെ ബാറ്റിംഗ് ആണ് ശ്രീലങ്കക്ക് ജയം നേടി കൊടുത്തത്. കുശാൽ പെരേര തന്നെയാണ് മത്സരത്തിലെ താരവും.
രണ്ടാം ഇന്നിങ്സിൽ 304 റൺസ് വിജയ ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ട് ഇറങ്ങിയ ശ്രീലങ്ക ഒരു വേള 9 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ ഒരു വശത്ത് ഫെർണാണ്ടോയെ കൂട്ടുപിടിച്ച് കുശാൽ പെരേര ശ്രീലങ്കക്ക് ചരിത്ര വിജയം നേടി കൊടുക്കുകയായിരുന്നു. ശ്രീലങ്കൻ നിരയിൽ 48 റൺസ് എടുത്ത ധനഞ്ജയ സിൽവ ഒഴിച്ച് വേറെ ആർക്കും കുശാൽ പെരേരക്ക് പിന്തുണ നൽകാനായിരുന്നില്ല.
നേരത്തെ ആദ്യ ഇന്നിങ്സിൽ 44 റൺസിന്റെ ലീഡ് ശ്രീലങ്ക വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 235 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ശ്രീലങ്ക 191 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.