ശ്രീലങ്കയ്ക്ക് എതിരായ അവസാന മത്സരവും ഇന്ത്യ പരാജയപ്പെട്ടു. ഇന്ന് ശ്രീലങ്ക ഉയർത്തിയ 246 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 138 റണ്ണിന് ഒളൗട്ട് ആയി. ഇതോടെ ശ്രീലങ്ക പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരം ശ്രീലങ്ക വിജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ ആയിരുന്നു. 27 വർഷത്തിനു ശേഷമാണ് ശ്രീലങ്ക ഇന്ത്യക്ക് എതിരെ ഒരു സീരീസ് ജയിക്കുന്നത്.
ഇന്ന് തുടക്കം മുതലെ ഇന്ത്യക്ക് കാര്യങ്ങൾ നേർവഴിയിൽ ആയില്ല. 6 റൺസ് എടുത്ത ഗില്ലിനെ നഷ്ടമായി. രോഹിത് നന്നായി തുടങ്ങി എങ്കിലും 30 റൺസ് എടുത്ത് അദ്ദേഹം ഔട്ടായി. പിന്നാലെ 20 റൺസ് എടുത്ത് കോഹ്ലിയും വീണു.
6 റൺസ് എടുത്ത പന്ത്, 8 റൺസ് എടുത്ത ശ്രേയസ് അയ്യർ, 2 റൺസ് എടുത്ത അക്സർ പട്ടേൽ, 15 റൺസ് എടുത്ത പരാഗ്, 9 റൺസ് എടുത്ത് ദൂബെ എന്നിവർ ഒന്നിനു പിറകെ ഒന്നായി പുറത്തേക്ക് പോയി. അവസാനം 30 റൺസുമായി വാഷിങ്ടൺ പൊരുതി നോക്കി എങ്കിലും കാര്യമുണ്ടായില്ല. ശ്രീലങ്കയ്ക്ക് ആയി വെല്ലലാഗേ നാല് വിക്കറ്റും വാൻഡെസേ രണ്ട് വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് എടുത്തു. അവർക്ക് ഇന്ന് നല്ല തുടക്കം ലഭിച്ചു എങ്കിലും വലിയ സ്കോറിലേക്ക് എത്താതെ അവരെ തടയാൻ ഇന്ത്യക്ക് ആയി.
ഒരു ഘട്ടത്തിൽ 35 ഓവറിൽ 171-1 എന്ന നിലയിൽ ആയിരുന്നു ശ്രീലങ്ക. അവിടെ നിന്ന് അവർക്ക് 248ലേക്ക് മാത്രമെ എത്താനായുള്ളൂ. ശ്രീലങ്കയ്ക്ക് ആയി അവിഷ്ക ഫെർണാണ്ടോ 96 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. പതും നിസങ്ക 46 റൺസും കുശാൽ മെൻഡിസ് 59 റൺസും എടുത്തു.
ഇന്ത്യക്ക് ആയി അരങ്ങേറ്റക്കാരൻ പരാഗ് വിക്കറ്റുമായി തിളങ്ങി.സിറാജ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.