ഇന്ത്യൻ പ്രീമിയർ ലീഗിൽ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. സൺ റൈസേഴ്സ് ഹൈദരാബാദിനെ ഇന്ന് ഹൈദരാബാദിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. ഹൈദരാബാദ് ഉയർത്തിയ 153 എന്ന വിജയ ലക്ഷ്യം 17ആം ഓവറിലേക്ക് ചെയ്സ് ചെയ്യാൻ ഗുജറാത്തിനായി.

അർധ സെഞ്ച്വറി നേടിയ ഗില്ലിന്റെയും തകർപ്പൻ ഇന്നിംഗ്സ് കളിച്ച വാഷിങ്ടൺ സുന്ദറുന്റെയും മികവിൽ ആയിരുന്നു ഗുജറാത്തിന്റെ ജയം. ഗിൽ പുറത്താകാതെ 42 പന്തിൽ നിന്ന് 60 റൺസ് എടുത്തു. വാഷിങ്ടൺ സുന്ദർ 29 പന്തിൽ നിന്ന് 49 റൺസും എടുത്തു. അവസാനം റതർഫോർഡ് 16 പന്തിൽ 35* റൺസ് എടുത്ത് ഗുജറാത്തിന്റെ വിജയം എളുപ്പത്തിലാക്കി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ വെറും 152/8 റൺസിൽ ഒതുക്കാൻ ഗുജറാത്തിനായിരുന്നു.

ഇന്ന് തുടക്കം മുതൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. പവർപ്ലെയിൽ മികച്ച ബൗളിംഗ് കാഴ്ചവച്ച മുഹമ്മദ് സിറാജ് അവരുടെ രണ്ട് ഓപ്പണർമാരെയും പെട്ടെന്ന് തന്നെ പുറത്താക്കി. അഭിഷേക് ശർമ 18 റൺസ്, ഹെഡ് 8 റൺസ് എന്നിങ്ങനെയാണ് എടുത്തത്. മുഹമ്മദ് സിറാജ് ആദ്യം മൂന്ന് ഓവറിൽ വെറും 14 റൺസ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇതിനുശേഷം ഇഷൻ കിഷൻ 17, നിതീഷ് 31, ക്ലാസൻ 27 എന്നിവരും വലിയ സ്കോർ നേടാൻ പറ്റാതെ വിഷമിച്ചു. സിറാജ് 4 ഓവറിൽ 17 റൺസ് മാത്രം വിട്ട് കൊടുത്ത് 4 വിക്കറ്റ് നേടാൻ സിറാജിനായി.