കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർ സോൺ ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ പ്രവേശിച്ച് ചരിത്രമെഴുതി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്. തിങ്കളാഴ്ച രാവിലെ 7 മണിക്ക് നടന്ന ആദ്യ സെമിയിൽ ശ്രീകൃഷ്ണ കോളേജ് ശ്രീ കേരളവർമ കോളേജിനെതിരെ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് അവർ വിജയിച്ചത്. നിശ്ചിത സമയത്തിനും അധിക സമയത്തിനും ശേഷം 1-1 സമനിലയിൽ കളി നിൽക്കുക ആയിരുന്നു.
സംഗീത് ശ്രീകൃഷ്ണ കോളേജിനായും, സന്തോഷ് ശ്രീ കേരളവർമ കോളേജിനായും ഗോളടിച്ചു. തുടർന്നുള്ള ടൈ ബ്രേക്കറിൽ ശ്രീകൃഷ്ണ കോളജ് ജയം ഉറപ്പിച്ച് ഫൈനലിൽ ഇടം നേടി. ഇന്റർ സോണിൽ ഫൈനലിൽ ഇതാദ്യമായാണ് ശ്രീ കൃഷ്ണ കോളേജ് എത്തുന്നത്.
ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരിനെ പരിശീലകരായ ഷഫീഖ്, ഹരി എന്നിവരാണ് ഈ ചരിത്ര കുതിപ്പിലേക്ക് നയിക്കുന്നത്. എംഇഎസ് കെവിഎം വളാഞ്ചേരിയും ഗുരുവായൂരപ്പൻ കോളേജും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ, വരാനിരിക്കുന്ന ഫൈനലിൽ ശ്രീകൃഷ്ണ കോളേജിൻ്റെ എതിരാളികൾ ആരെന്ന് നിർണ്ണയിക്കും.