മഴ നിയമത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ മുന്നില്‍

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാനു സാധിച്ചുവെങ്കിലും മഴ നിയമത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുവാനും ടീമിനായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹക്ക്(101), ബാബര്‍ അസം(69), മുഹമ്മദ് ഹഫീസ്(52), ഇമാദ് വസീം(43*) എന്നിവരുടെ മികവില്‍ 317/6 എന്ന സ്കോര്‍ നേടിയെങ്കിലും മഴ പലപ്പോഴും കളിതടസ്സപ്പെടുത്തിയ രണ്ടാം ഇന്നിംഗ്സില്‍ 187/2 എന്ന സ്കോര്‍ 33 ഓവറില്‍ നേടിയതോടെ ദക്ഷിണാഫ്രിക്ക ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിനു വിജയം രേഖപ്പെടുത്തി.

മത്സരത്തില്‍ 83 റണ്‍സ് നേടി പുറത്താകാതെ നിന്ന റീസ ഹെന്‍ഡ്രിക്സ് ആണ് കളിയിലെ താരം. ഫാഫ് ഡു പ്ലെസി 40 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 108 റണ്‍സ് നേടിയതാണ് ആതിഥേയര്‍ക്ക് അനുകൂലമായി മത്സരം മാറ്റിയത്.