സീനിയർ ബാറ്റ്‌സ്മാൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഫോമിലേക്ക് മടങ്ങുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യാ ടുഡേയോട് പ്രത്യേകമായി സംസാരിക്കുക ആയിരുന്നു ഗാംഗുലി.
“വൈറ്റ്-ബോൾ ക്രിക്കറ്റിൽ, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും വലിയ ക്രിക്കറ്റ് കളിക്കാരാണ്. ചാമ്പ്യൻസ് ട്രോഫിയിലെ വിക്കറ്റുകൾ മികച്ചതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ദുബായിൽ. വൈറ്റ്-ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ ലോകകപ്പുകളിൽ അവർ ശരിക്കും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്,” ഗാംഗുലി പറഞ്ഞു.
“വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മികച്ച പ്രകടനം കാഴ്ചവയ്ക്കും. വരാനിരിക്കുന്ന പരമ്പരയിൽ, അവർ നന്നായി കളിക്കും. അവർ ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടാകില്ല, പക്ഷേ വരാനിരിക്കുന്ന പരമ്പരയിൽ അവർ തീർച്ചയായും മികച്ച പ്രകടനം കാഴ്ചവയ്ക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ടി20 ലോകകപ്പ് ഇന്ത്യ നേടിയിട്ടുണ്ട്. 2023 ൽ, 50 ഓവർ ലോകകപ്പിൽ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ, ഇന്ത്യ ഫേവറിറ്റുകളിൽ ഒന്നായിരിക്കും, ഇന്ത്യയുടെ വൈറ്റ്-ബോൾ ടീം വളരെ മികച്ചതാണ്,” അദ്ദേഹം പറഞ്ഞു.