ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ 7 വിക്കറ്റ് വിജയം ആണ് ആതിഥേയര്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.5 ഓവറിൽ 291 റൺസിൽ ഓള്‍ഔട്ട് ആയപ്പോള്‍ 46.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാണ്ട് 296 റൺസാണ് നേടിയത്.
151 പന്തിൽ 169 റൺസ് നേടിയ സൗമ്യ സര്‍ക്കാര്‍ ആണ് കളിയിലെ താരമായി മാറിയത്. ബംഗ്ലാദേശ് നിരയിൽ സൗമ്യയ്ക്ക് പുറമെ 45 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം. ന്യൂസിലാണ്ടിനായി ജേക്കബ് ഡഫിയും വില്യം ഒറൗര്‍ക്കേയും 3 വീതം വിക്കറ്റ് നേടി.
95 റൺസ് നേടിയ ഹെന്‍റി നിക്കോള്‍സും 89 റൺസ് നേടി വിൽ യംഗും ആണ് ന്യൂസിലാണ്ടിനായി തിളങ്ങിയത്. രച്ചിന്‍ രവീന്ദ്ര 45 റൺസ് നേടിപ്പോള്‍ ടോം ലാഥം(34*) ടോം ബ്ലണ്ടൽ (24*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശിനായി ഹസന്‍ മഹമൂദ് 2 വിക്കറ്റ് നേടി.
സച്ചിന്‍ ടെണ്ടുൽക്കര്‍ നേടിയ 163 നോട്ട്ഔട്ട് ആയിരുന്നു ഒരു ഏഷ്യന്‍ താരം ന്യൂസിലാണ്ടിൽ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ക്രൈസ്റ്റ്ചര്‍ച്ചിൽ 2009ൽ സച്ചിന്‍ ഈ നേടിയ നേട്ടമാണ് സൗമ്യ ഇന്ന് മറികടന്നത്. ന്യൂസിലാണ്ടിൽ ബംഗ്ലാദേശ് നേടുന്ന ഉയര്‍ന്ന സ്കോറാണ് ഇന്ന് നേടിയ 291 റൺസ്.