ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാല്‍ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. അഡിലെയ്ഡില്‍ ഇന്ത്യ 31 റണ്‍സിന്റെ വിജയം നേടി പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 146 റണ്‍സിന്റെ വിജയമാണ് പെര്‍ത്തില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ ടീം സെലക്ഷനും കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
അശ്വിന്‍ പരിക്കേറ്റത്തിനെത്തുടര്‍ന്ന് ജഡേജയെ കളിപ്പിക്കാതെ ഇന്ത്യ ഇറങ്ങിയത് തോല്‍വിയ്ക്ക് കാരണമായി എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കോഹ്‍ലിയെയും രവി ശാസ്ത്രിയെയും ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഗവാസ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്നാണ് ഗവാസ്കര്‍ പറയുന്നത്.
കോഹ്‍ലി നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വലിയ വ്യത്യാസങ്ങളുള്ള വ്യക്തിത്വമാണെന്നാണ് ഗവാസ്കര്‍ പറയുന്നത്. അത് ഈ പരമ്പരയില്‍ തെളിഞ്ഞ് വരുകയാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ടീം സെലക്ഷനുകളും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതുമെല്ലാം കണക്കിലെടുതത്ത് ഈ തീരുമാനങ്ങള്‍ക്കെല്ലാം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.