കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന സെർവോ കപ്പ് ത്രിരാഷ്ട്ര ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾ റെക്കോർഡ് ടോട്ടൽ കുറിച്ചു. സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 342 റൺസാണ് നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.

സ്മൃതി 99 പന്തിൽ 15 ഫോറുകളും 2 സിക്സറുകളും സഹിതം 110 റൺസ് നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നേടിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മന്ദാനയും പ്രതിക റാവലും (30) 70 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നൽകി. 21 റൺസിൽ നിൽക്കെ മന്ദാനയെ ശ്രീലങ്കൻ ഫീൽഡർമാർ കൈവിട്ടത് അവർക്ക് വലിയ തിരിച്ചടിയായി. പിന്നീട് ഹർലീൻ ഡിയോളിനൊപ്പം (56 പന്തിൽ 47) 120 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും മന്ദാന പടുത്തുയർത്തി.
31-ാം ഓവറിൽ ചമാരി അത്തപ്പത്തുവിനെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ നേടിയാണ് മന്ദാന തൻ്റെ 11-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. അധികം വൈകാതെ അവർ പുറത്തായെങ്കിലും ഹർമൻപ്രീത് കൗറും (30 പന്തിൽ 41) ജെമീമ റോഡ്രിഗസും (29 പന്തിൽ 44) അവസാന ഓവറുകളിൽ തകർത്തടിച്ചു കളിച്ചു. ദീപ്തി ശർമ്മയും (20*) അമൻജോത് കൗറും (18) അവസാന 10 ഓവറിൽ 89 റൺസ് കൂട്ടിച്ചേർത്തു.