മുഹമ്മദ് സിറാജിന് ഊർജ്ജമായ വാൾപേപ്പർ ഏതാണെന്ന് താരം തന്നെ വ്യക്തമാക്കി. ഹൈദരാബാദ് പേസ് ബൗളർ തൻ്റെ ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വാൾപേപ്പർ നോക്കി ആയിരുന്നു സിറാജ് അവസാന ദിനത്തിനായി ഒരുങ്ങിയത്. അതിൽ “വിശ്വസിക്കൂ” (Believe) എന്ന ഒറ്റ വാക്ക് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ആ വാക്ക് സിറാജിന്റെ വിശ്വാസം നൽകുകയായിരുന്നു.

ഓവലിൽ സിറാജ് തകർപ്പൻ അഞ്ച് വിക്കറ്റ് പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെ ആറ് റൺസിന് കീഴടക്കി ആവേശകരമായ വിജയം നേടിയ ഇന്ത്യ, ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി 2-2 എന്ന നിലയിൽ സമനിലയിലാക്കി. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് അഞ്ചാം ദിവസം ജയിക്കാൻ 35 റൺസും നാല് വിക്കറ്റും മാത്രമാണ് വേണ്ടിയിരുന്നത്. എന്നാൽ സിറാജിന്റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ തകർത്തു. കളിയിൽ ഒമ്പത് വിക്കറ്റുകളാണ് താരം നേടിയത്. ഈ പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും സിറാജിനെ തേടിയെത്തി.
“എനിക്ക് എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു,” അഭിമാനത്തോടെ തൻ്റെ ഫോണിലെ വാൾപേപ്പർ കാണിച്ചുകൊണ്ട് സിറാജ് പറഞ്ഞു. “വിശ്വാസമാണ് ഏറ്റവും പ്രധാനം. ഇന്ന്, 140 കോടി ജനങ്ങളുടെ മുഖത്ത് ചിരിയുണ്ട്.”
ഒരു ദിവസം മുൻപ് വരെ ഇന്ത്യയുടെ വിജയം അസാധ്യമാണെന്ന് തോന്നിച്ചിരുന്നു. ഹാരി ബ്രൂക്കിൻ്റെ ക്യാച്ച് സിറാജ് 19 റൺസിൽ വെച്ച് കൈവിട്ടിരുന്നു. ബ്രൂക്ക് 90 പന്തിൽ 111 റൺസടിച്ച് ഈ പിഴവിന് ഇന്ത്യയെ വലിയ വില നൽകാൻ നിർബന്ധിച്ചു. ജോ റൂട്ട് തൻ്റെ 39-ാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ ഇംഗ്ലണ്ട് 301-ന് 3 എന്ന നിലയിലായിരുന്നു. എന്നാൽ പ്രസിദ്ധ് കൃഷ്ണയുടെ കൃത്യ സമയത്തുള്ള വിക്കറ്റുകളും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവും കളി മാറ്റിയെഴുതി.
ഫൈനൽ ദിനത്തിൽ ജാമി സ്മിത്തിനെ പുറത്താക്കി സിറാജ് ആദ്യ പ്രഹരമേൽപ്പിച്ചു. തുടർന്ന് ഗസ് അറ്റ്കിൻസണെ ക്ലീൻ ബൗൾ ചെയ്തതോടെ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിൽ ഒറ്റപ്പെട്ടു. ഇംഗ്ലണ്ട് 367 റൺസിന് ഓൾ ഔട്ടായതോടെ വിജയത്തിന് തൊട്ടടുത്ത് വെച്ച് അവർക്ക് കാലിടറി.
പരമ്പരയിൽ 23 വിക്കറ്റുകളാണ് സിറാജ് നേടിയത്. 185.3 ഓവറുകൾ പന്തെറിഞ്ഞ സിറാജ് മനക്കരുത്തും, ആത്മവിശ്വാസവും കൊണ്ട് ഇന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകി.