അരങ്ങേറ്റത്തിൽ സെയ്നിയുടെ സൂപ്പർ പ്രകടനം, പ്രശംസയുമായി കോഹ്‌ലി

Photo: BCCI

വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർ നവദീപ്  സെയ്നിയെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തന്റെ ടി20യിലെ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സെയ്നി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മത്സരത്തിൽ സെയ്നി 4 ഓവറിൽ വെറും 17 റൺസ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‍കാരവും ഇതോടെ താരത്തിനെ തേടിയെത്തിയിരുന്നു.

കുറഞ്ഞ സ്കോർ പിറന്ന മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് പരമ്പരയിലെ ആദ്യ മത്സരം ജയിച്ചിരുന്നു. മത്സരം ശേഷമുള്ള അഭിമുഖത്തിലാണ് വിരാട് കോഹ്‌ലി ഡൽഹി ഫാസ്റ്റ് ബൗളർ സെയ്നിയെ പ്രശംസിച്ച് രംഗത്തെത്തിയത്. സെയ്നി മികച്ച ഭാവിയുള്ള താരമാണെന്നും താരത്തിന് അനായാസം 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാൻ കഴിയുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഭാവിയിൽ മികച്ച ഒരു ഫാസ്റ്റ് ബൗളറാവാൻ കഴിവുള്ള താരമായ സെയ്നി ഇവിടെനിന്ന് തന്റെ കരിയർ പടുത്തുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.