പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് ശുഭ്മൻ ഗില്ലിനെ പ്രശംസിച്ചു. ഗില്ലിനെ “അടുത്ത വിരാട് കോഹ്‌ലി” ആണെന്ന് ഹഫീസ് വിളിച്ചു. കോഹ്‌ലിയുടെ ലെഗസി ഗിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഹഫീസ് പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തിൽ ഗിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം വെല്ലുവിളി നിറഞ്ഞ ദുബായ് പിച്ചിൽ 129 പന്തിൽ നിന്ന് 101 റൺസ് നേടി.

“കഴിഞ്ഞ മൂന്ന് വർഷമായി, ശുഭ്മാൻ ഗിൽ ഈ ഇന്ത്യൻ ടീമിലേക്ക് വന്നതിനുശേഷം, അദ്ദേഹം അടുത്ത വിരാട് കോഹ്ലി ആകാൻ ശ്രമിക്കുകയാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിക്കുന്നു,” ഹഫീസ് പറഞ്ഞു.
സ്വാഭാവികമായും ആക്രമിച്ച് കളിക്കുന്ന ഗിൽ, സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ സമീപനം ഇന്നലെ മാറ്റി എന്നും ഹഫീസ് പറഞ്ഞു. 25 വയസ്സുള്ളപ്പോൾ തന്നെ തന്റെ പക്വത ഗിൽ തെളിയിച്ചുവെന്നും ഹഫീസ് അഭിപ്രായപ്പെട്ടു.