എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ നടത്തിയ മികച്ച പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ആദ്യമായി ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ നയിച്ച ഗിൽ, ആദ്യ ഇന്നിംഗ്സിൽ 269 റൺസും രണ്ടാം ഇന്നിംഗ്സിൽ 161 റൺസും നേടി ടീമിനെ മികച്ച വിജയത്തിലേക്ക് നയിക്കുകയും പരമ്പര 1-1ന് സമനിലയിലാക്കുകയും ചെയ്തു.

ഗില്ലിന്റെ ഓൾറൗണ്ട് പ്രകടനത്തെക്കുറിച്ച് സ്കൈ സ്പോർട്സിനോട് സംസാരിച്ച ശാസ്ത്രി പറഞ്ഞു: “ഒരു നായകനിൽ നിന്ന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച പ്രകടനമാണിത്, 10-ൽ 10 മാർക്ക്. ഒരു നായകനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും ആവശ്യപ്പെടാനില്ല. പരമ്പരയിൽ 1-0ന് പിന്നിലായിരുന്നു നിങ്ങൾ. ഗിൽ ബ്രാഡ്മാനെപ്പോലെ ബാറ്റ് ചെയ്തു. 269-ഉം 161-ഉം നേടി, ഒടുവിൽ കളി ജയിക്കുകയും ചെയ്തു.”
ഗില്ലിന്റെ സമീപനം മുൻ മത്സരത്തിൽ നിന്ന് പൂർണ്ണമായും മാറിയെന്നും, നേതൃത്വത്തിൽ വളർച്ച കാണിച്ചുവെന്നും മുൻ പരിശീലകൻ കൂട്ടിച്ചേർത്തു.