പാക്കിസ്ഥാനെതിരായ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി പ്രകടനം നടത്തിയ യശസ്വി ജയ്സ്വാളിനെ പ്രശംസകൊണ്ട് മൂടി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. പാകിസ്ഥാൻ യുവതാരങ്ങൾ ജയ്സ്വാളിന്റെ പ്രകടനം ഒരു പാഠമാക്കണമെന്നും അക്തർ പറഞ്ഞു. ജയ്സ്വാൾ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയതെന്നും താരം തീർച്ചയായും ഇന്ത്യൻ ടീമിൽ എത്തുമെന്നും അക്തർ പറഞ്ഞു. പാകിസ്ഥാനെതിരെ പുറത്താവാതെ 105 റൺസ് നേടിയ ജയ്സ്വാൾ ഇന്ത്യയെ അണ്ടർ 19 ഫൈനലിൽ എത്തിച്ചിരുന്നു.
ഇന്ത്യൻ അണ്ടർ 19 ടീമിലെ ചില താരങ്ങൾ തീർച്ചയായും ഇന്ത്യൻ ടീമിൽ എത്തുമെന്നും ഇന്ത്യയുടെ ഭാവി മികവുറ്റതാണെന്നും അക്തർ പറഞ്ഞു. അണ്ടർ 19 ലോകകപ്പിന്റെ ഫൈനൽ ഉറപ്പിച്ച ഇന്ത്യൻ ടീമിനെ അക്തർ അഭിനന്ദിക്കുകയും ചെയ്തു. സെമി ഫൈനലിൽ ഇന്ത്യയോട് തോറ്റ പാകിസ്ഥാൻ ടീമിനെയും അക്തർ അഭിനന്ദിച്ചു. എന്നാൽ പാകിസ്ഥാൻ താരങ്ങളുടെ മോശം ഫീൽഡിങ്ങിനെ അക്തർ കണക്കറ്റ് വിമർശിക്കുകയും ചെയ്തു. അണ്ടർ 19 താരങ്ങൾ ആയിട്ടും എന്ത് കൊണ്ട് പന്തിന് വേണ്ടി ഡൈവ് ചെയ്യാൻ കഴിയുന്നില്ലെന്ന് അക്തർ ചോദിച്ചു.