ലോർഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനത്തിൽ സ്പിന്നർ ഷൊയ്ബ് ബഷീർ പന്തെറിയാൻ ഫിറ്റാണെന്ന് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്ക് സ്ഥിരീകരിച്ചു. നേരത്തെ കൈക്ക് പരിക്കേറ്റ ബഷീർ കളിക്കളത്തിൽ നിന്ന് പുറത്ത് പോയിരുന്നു. എന്നാൽ, ഇന്ന് അവസാന ദിവസം അദ്ദേഹം കളത്തിൽ തിരികെയെത്തും.
അപ്രതീക്ഷിതമായ ബൗൺസുള്ള നഴ്സറി എൻഡിൽ നിന്ന് തങ്ങളുടെ പേസ് ബൗളർമാർക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ടീം പ്രതീക്ഷിക്കുന്നതായി ട്രെസ്കോത്തിക്ക് പറഞ്ഞു. “അസ്ഥിരമായ ബൗൺസും വോബിൾ സീം ഡെലിവറികളും അപകടകരമാണ്. അതാണ് ഞങ്ങളുടെ പ്രതീക്ഷ,” അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടൺ സുന്ദറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 192 റൺസിന് പുറത്താക്കാൻ സഹായിച്ചത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 58 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്. വിജയത്തിലേക്ക് 135 റൺസ് കൂടി ആവശ്യമുള്ളതിനാൽ, ആറ് വിക്കറ്റുകൾ ശേഷിക്കെ മത്സരം ആവേശകരമായ ഘട്ടത്തിലാണ്.