ക്യാപ്റ്റനായി വിരാട് കോഹ്‌ലി തന്നെ മതിയെന്ന് ഷൊഹൈബ് അക്തർ

Staff Reporter

ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്‌ലി തന്നെ തുടരുന്നതാണ് നല്ലതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി സംസാരിക്കവേയാണ് അക്തർ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലിയെ മാറ്റേണ്ടതില്ലെന്ന് പറഞ്ഞത്. നിലവിൽ വെസ്റ്റിൻഡീസ് പരമ്പരക്ക് പുറപ്പെട്ട ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും വിരാട് കോഹ്‌ലി തന്നെയാണ് നയിക്കുന്നത്.

ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ന്യൂ സിലാൻഡിനോട് തോറ്റതിന് പിന്നാലെ വിരാട് കോഹ്‌ലിയെ മാറ്റണമെന്ന അഭിപ്രായം പല ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. എല്ലാ ഫോർമാറ്റിലും വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ ആക്കുന്നതിനു പകരം ഏകദിനത്തിൽ രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കണമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.