നജ്മുൽ ഹൊസൈൻ ഷാൻ്റോ ബംഗ്ലാദേശിൻ്റെ ട്വൻ്റി 20 ഐ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറി. പക്ഷേ താരം ടെസ്റ്റിലും ഏകദിനത്തിലും ദേശീയ ടീമിനെ നയിക്കുന്നത് തുടരും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡൻ്റ് ഫാറൂഖ് അഹമ്മദ് ഷാൻ്റോയുടെ തീരുമാനം സ്ഥിരീകരിച്ചു. ടി20 മത്സരങ്ങൾ അടുത്ത് ഒന്നും ഇല്ലാത്തതിനാൽ പുതിയ ക്യാപ്റ്റനെ ഉടൻ നിയമിക്കേണ്ട ആവശ്യമില്ലെന്ന് ഫാറൂഖ് അഭിപ്രായപ്പെട്ടു.
2024 ഫെബ്രുവരിയിൽ ആയിരുന്നു ഷാന്റോ ടി20 ക്യാപ്റ്റൻ ആയത്. നവംബറിൽ പരിക്ക് മൂലം ഷാൻ്റോ ഇല്ലാതിരുന്നപ്പോൾ ടി20യിൽ ലിറ്റൺ ദാസിനു നേതൃത്വ ചുമതലകൾ കൈമാറിയിരുന്നു. ലിറ്റൺ വെസ്റ്റ് ഇൻഡീസിൽ ടി20 ടീമിനെ 3-0ന് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ലിറ്റൺ അടുത്ത ടി20 ക്യാപ്റ്റൻ ആകാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിൻ്റെ അടുത്ത ടി 20 പരമ്പര, മാർച്ചിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ്.