മാഞ്ചസ്റ്ററില്‍ ഷാന്‍ മസൂദിന്റെ മികവാര്‍ന്ന ഇന്നിംഗ്സിന്റെ ബലത്തില്‍ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 312/8 എന്ന നിലയില്‍ പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ വാലറ്റത്തെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞിടുന്നതിന് മുമ്പ് തന്നെ പാക് ബൗളര്‍മാര്‍ക്ക് പോരാടി നോക്കുവാനുള്ള സ്കോര്‍ ടീം നേടിയെന്ന് ഷാന്‍ മസൂദ് ഉറപ്പാക്കിയിരുന്നു. തന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ശതകം നേടിയ താരം 151 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദിയാണ് ക്രീസില്‍ മസൂദിന് തുണയായി ഉള്ളത്.
ബാബര്‍ അസമിനെ നഷ്ടമായ ശേഷം ഷാന്‍ മസൂദ് ഷദബ് ഖാനൊപ്പം നേടിയ 105 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ സഹായത്തിനെത്തിയത്. 45 റണ്‍സാണ് ഷദബ് ഖാന്‍ നേടിയത്. 281/5 എന്ന നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 291/8 എന്ന നിലയിലേക്ക് പൊടുന്നനെ വീഴുകയായിരുന്നു. ജോഫ്ര തന്റെ ഒരേ ഓവറില്‍ യസീര്‍ ഷായെയും മുഹമ്മദ് അബ്ബാസിനെയും അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയാണ് പാക്കിസ്ഥാനെ കുഴപ്പത്തിലാക്കിയത്. എന്നാല്‍ ഡൊമിനിക്ക് ബെസ്സിനെ കടന്നാക്രമിച്ച് പാക്കിസ്ഥാന്‍ സ്കോര്‍ മുന്നൂറ് കടക്കുവാന്‍ ഷാന്‍ മസൂദിന് സാധിച്ചു.