ബാബര്‍ അസമിനെ വീഴ്ത്തി ആന്‍ഡേഴ്സണ്‍, ഒരറ്റത്ത് നിലയുറപ്പിച്ച് ഷാന്‍ മസൂദ്, പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം

Sports Correspondent

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനില്‍ ഇഴഞ്ഞ് നീങ്ങി പാക്കിസ്ഥാന്‍ ഇന്നിംഗ്സ്. ബാബര്‍ അസമിന്റെ വിക്കറ്റ് ആദ്യമേ തന്നെ ഇംഗ്ലണ്ട് വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ റണ്‍ സ്കോറിംഗ് തടസ്സപ്പെടുകയായിരുന്നു. 69 റണ്‍സ് നേടിയ ബാബര്‍ അസമിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് പുറത്താക്കിയത്. 96 റണ്‍സ് കൂട്ടുകെട്ടാണ് ബാബര്‍-മസൂദ് കൂട്ടുകെട്ട് നേടിയത്.

മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും ഒരറ്റത്ത് ഷാന്‍ മസൂദ് കോട്ട കാക്കുന്നത് പോലെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 187/5 എന്ന നിലയിലാണ്. 77 റണ്‍സുമായി ഷാന്‍ മസൂദും 1 റണ്‍സ് നേടി ഷദബ് ഖാനുമാണ് ക്രീസിലുള്ളത്.

ബാബര്‍ അസമിന് പുറമെ അസാദ് ഷഫീക്ക്(7), മുഹമ്മദ് റിസ്വാന്‍(9) എന്നിവരെയാണ് പാക്കിസ്ഥാന് നഷ്ടമായത്.
ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവരാണ് ഇന്ന് ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ നേടിയത്.