ഹരിയാനക്കെതിരായ ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരത്തിൽ ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി തകർപ്പൻ പ്രകടനം നടത്തി. ഷമി മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ന് വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടും മുമ്പ് ഇങ്ങനെ ഒരു പ്രകടനം ഷമിക്ക് ഊർജ്ജമാകും.

ശസ്ത്രക്രിയയെത്തുടർന്ന് 2023 ലോകകപ്പ് ഫൈനൽ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഷമി അടുത്തിടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇന്നത്തെ മത്സരത്തിൽ ആദ്യം ഹരിയാന ഓപ്പണർ ഹിമാൻഷു റാണയെ ആറാം ഓവറിൽ ഷമി പുറത്താക്കി. പിന്നീട് കളിയിൽ, ഡെത്ത് ഓവറിനിടെ ദിനേശ് ബാനയുടെയും അൻഷുൽ കംബോജിൻ്റെയും വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.