ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്കിടെ ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി വീണ്ടും ഇന്ത്യൻ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. അക്കില്ലസ് ടെൻഡോൺ പരിക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഷമി, ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) സുഖം പ്രാപിച്ചുവരുന്നു. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയുടെ അവസാന രണ്ട് റൗണ്ടുകളിലൂടെ മത്സര ക്രിക്കറ്റിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് അദ്ദേഹം.
നവംബർ 6 മുതൽ ബെംഗളൂരുവിൽ കർണാടകയ്‌ക്കെതിരെയും നവംബർ 13 മുതൽ ഇൻഡോറിൽ മധ്യപ്രദേശിനെതിരെയും നടക്കുന്ന ബംഗാളിൻ്റെ രഞ്ജി ട്രോഫി മത്സരങ്ങളിൽ ഷമി കളിച്ചേക്കും. ഫിറ്റ്‌നസ് വിലയിരുത്തൽ വിജയിച്ചാൽ ഷമിക്ക് മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ചേരാൻ അർഹതയുണ്ടായേക്കും. ഡിസംബർ 14 മുതൽ 18 വരെ ബ്രിസ്ബേനിലെ ഗബ്ബയിൽ ആണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.
അടുത്തിടെ ന്യൂസിലൻഡിനെതിരായ പൂനെ ടെസ്റ്റിൽ തിരിച്ചടി നേരിട്ട ടീം ഇന്ത്യയ്ക്ക് ഷമി തിരികെ വരുന്നത് വലിയ ഊർജ്ജം നൽകും.