2015ലെ അവിസ്മരണീയമായ ലോകകപ്പ് പ്രകടനത്തിന് ശേഷം കാല്‍മുട്ടിലെ പരിക്ക് മൂലം 18 മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നിന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. 2015 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരം ടൂര്‍ണ്ണമെന്റിലെ നാലാമത്തെ മികച്ച വിക്കറ്റ് നേട്ടക്കാരനായിരുന്നു. 17 വിക്കറ്റാണ് താരം അന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് നേടിയത്.
പരിക്കുമായാണ് താരം ടൂര്‍ണ്ണമെന്റ് കളിച്ചത്. അതിന് ശേഷം ലോകകപ്പ് കഴിഞ്ഞ ശേഷം 18 മാസമാണ് തനിക്ക് പൂര്‍ണ്ണമായും ഭേദപ്പെട്ട് തിരികെ ക്രിക്കറ്റിലേക്ക് എത്തുവാന്‍ എടുത്തതെന്നും ഷമി പറഞ്ഞു. റീഹാബ് നടപടികള്‍ എന്നും പ്രയാസകരമായ കാര്യമാണ്, ഒട്ടേറെ ബുദ്ധിമുട്ടുകള്‍ താന്‍ അന്ന് അനുഭവിച്ചുവെന്നും താരം വ്യക്തമാക്കി.
തിരികെ ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ തനിക്ക് തലവേദനയായി കുടുംബത്തിലെ പ്രശ്നങ്ങളും അതിനൊപ്പം തന്നെ താന്‍ ഒരു കാര്‍ ആക്സിഡന്റിലും ഉള്‍പ്പെട്ടുവെന്നു ഷമി പറഞ്ഞു. 2018 ഐപിഎലിന് തൊട്ടു മുമ്പാണ് തനിക്ക് കാര്‍ അപടകം ഉണ്ടാകുന്നത്. അതേ സമയം തന്നെ മീഡിയയില്‍ തന്റെ കുടുംബ പ്രശ്നം ചര്‍ച്ചയായി നില്‍ക്കുകയായിരുന്നുവെന്നും ഷമി വ്യക്തമാക്കി.