മുഹമ്മദ് ഷമി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍ എന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ ഫാനി ഡി വില്ലിയേഴ്സ്. പരമ്പരയില്‍ 9 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഷമി ദക്ഷിണാഫ്രിക്കയുടെ ടീമില്‍ കളിക്കാനും പേസ് ബൗളിംഗ് നിരയില്‍ സ്ഥാനം പിടിക്കാനും യോഗ്യതയുള്ള താരമാണെന്നാണ് ഫാനിയുടെ അഭിപ്രായം. ഗ്ലെന്‍ മക്ഗ്രാത്ത്, ഷോണ്‍ പൊള്ളോക്ക്, ഇയാന്‍ ബോത്തം, ഡെയില്‍ സ്റ്റെയിന്‍ എന്നിങ്ങനെ മുന്‍ നിര താരങ്ങള്‍ എറിഞ്ഞിരുന്ന ലൈനില്‍ എറിയുവാന്‍ കഴിവുള്ളതും കഴിയുന്നതുമായ താരമാണ് മുഹമ്മദ് ഷമി എന്ന് ഫാനി പറഞ്ഞു.
ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ഷമിയെ പോലെ എവേ സ്വിംഗ് ചെയ്യുന്ന ലൈന്‍ ഉണ്ടെങ്കിലും പേസ് ഇല്ലാത്തതിനാല്‍ ഹാര്‍ദ്ദിക് ടെസ്റ്റില്‍ വലിയൊരു വിക്കറ്റ് നേട്ടക്കാരനായി മാറില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞത്. പേസ് കൈവരിക്കുകയാണെങ്കില്‍ പാണ്ഡ്യയാണ് ഇന്ത്യയുടെ ഭാവി താരമെന്നും ഫാനി അഭിപ്രായപ്പെട്ടു. ഇതേ സിദ്ധിയുള്ള ഭുവനേശ്വര്‍ കുമാര്‍ സെഞ്ചൂറിയണില്‍ കളിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫാനി പറഞ്ഞു.
ഇന്ത്യ വിദേശത്ത് കളിക്കുമ്പോള്‍ ടീമില്‍ സ്ഥിരാംഗമാകേണ്ട താരമാണ് ഭുവി. അദ്ദേഹത്തെ കളിപ്പിക്കാത്തതിനു പിന്നില്‍ എന്താണ് കാരണമെന്ന് ഒരു പിടിയുമില്ലെന്ന് ഫാനി പറഞ്ഞു. സ്റ്റംപില്‍ പന്തെറിയുന്ന ബുംറ, ഇഷാന്ത് എന്നിങ്ങനെ ഒരേ ശൈലിയുള്ള രണ്ട് താരങ്ങള്‍ എന്തിനായിരുന്നു ഒരു ഇലവനില്‍ എന്നും തനിക്ക് അറിയില്ലെന്ന് ഫാനി അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial