സിംബാബ്‍വേയ്ക്കെതിരെ 5 റൺസ് വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍മാര്‍ 101 റൺസിന്റെ മികച്ച തുടക്കം നേടിയെങ്കിലും പിന്നീട് ബംഗ്ലാദേശ് 143 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയെ 138 റൺസിന് എറിഞ്ഞൊതുക്കി ബംഗ്ലാദേശ് 5 റൺസ് വിജയം നേടുകയായിരുന്നു.
ഷാക്കിബ് നാലും മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന്റെ വിജയം ഒരുക്കിയത്. 31 റൺസ് നേടിയ ജോനാഥന്‍ കാംപെൽ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 8 പന്തിൽ 19 റൺസ് നേടിയ വെല്ലിംഗ്ടൺ മസകഡ്സ പുറത്താകാതെ നിന്നു. അവസാന ഓവറിൽ 14 റൺസ് വേണ്ടപ്പോള്‍ ബെസ്സിംഗ് മുസറബാനി സിക്സര്‍ നേടി ലക്ഷ്യം 3 പന്തിൽ ഏഴ് റൺസാക്കിയെങ്കിലും ഷാക്കിബ് താരത്തെ ഒരു വൈഡ് എറിഞ്ഞ് സ്റ്റംപ് ചെയ്യിപ്പിച്ച് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ഷാക്കിബ് റിച്ചാര്‍ഡ് എന്‍ഗാരാവയെയും പുറത്താക്കിയപ്പോള്‍ ബംഗ്ലാദേശ് 4-0ന് പരമ്പരയിൽ മുന്നിലെത്തി.