കറാച്ചിയിൽ നടന്ന ഏകദിന ത്രിരാഷ്ട്ര പരമ്പര മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ മാത്യു ബ്രീറ്റ്‌സ്‌കെയുമായി ഉണ്ടായ പ്രശ്നത്തിന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 പ്രകാരം അഫ്രീദിക്കെതിരെ കുറ്റം ചുമത്തിയെങ്കിലും സസ്‌പെൻഷൻ ഒഴിവാക്കി.
ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന്റെ 28-ാം ഓവറിൽ ഒരു യോർക്കർ എറിഞ്ഞ ശേഷമുള്ള ബ്രീറ്റ്‌സ്‌കെയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച അഫ്രീദി, ബാറ്ററുമായി വാക്കേറ്റം നടത്തുകയും തുടർന്ന് അദ്ദേഹത്തിന്റെ ഓട്ടം തടസ്സപ്പെടുത്തുകയും ചെയ്യുകയും ചെയ്തിരുന്നു. സംഘർഷം ശമിപ്പിക്കാൻ അമ്പയർമാരുടെയും സഹതാരങ്ങളുടെയും ഇടപെടൽ ആവശ്യമായി വന്നു.
കൂടാതെ, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയെ പുറത്താക്കിയതിന് ശേഷമുള്ള അഗ്രസീവ് ആഘോഷങ്ങൾക്ക് സൗദ് ഷക്കീലിനും പകരക്കാരനായ ഫീൽഡർ കമ്രാൻ ഗുലാമിനും മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. മൂന്ന് കളിക്കാർക്കും ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചെങ്കിലും കഴിഞ്ഞ 24 മാസത്തിനിടെ മുമ്പ് അച്ചടക്ക പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാൽ കൂടുതൽ നടപടികളിൽ നിന്ന് രക്ഷപ്പെട്ടു.