അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓരോ ഫോർമാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പാക് ബൗളറായി ഷഹീൻ അഫ്രീദി ചരിത്രം കുറിച്ചു. ചൊവ്വാഴ്ച രാത്രി ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെയാണ് ഇടങ്കയ്യൻ പേസർ ഈ നാഴികക്കല്ല് കടന്നത്. റാസി വാൻ ഡെർ ഡ്യൂസെൻ, ഡേവിഡ് മില്ലർ തുടങ്ങിയ പ്രധാന കളിക്കാരെ പുറത്താക്കി, തൻ്റെ നാല് ഓവർ സ്പെല്ലിൽ 3 വിക്കറ്റ് നേടാൻ ഷഹീനായി.
ടി20യിൽ 100 വിക്കറ്റ് നേട്ടം കൈവരിച്ച ന്യൂസിലൻഡിൻ്റെ ടിം സൗത്തി, ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ, ശ്രീലങ്കയുടെ ലസിത് മലിംഗ എന്നിവരുൾപ്പെടെയുള്ള കളിക്കാരുടെ കൂട്ടത്തിൽ അഫ്രീദി ഇപ്പോൾ ചേർന്നു. 71 മത്സരങ്ങളിൽ ഈ നേട്ടം കൈവരിച്ച ഹാരിസ് റൗഫിന് ശേഷം ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പാക്കിസ്ഥാനിയായി 24-കാരനായ അഫ്രീദി മാറി. തൻ്റെ 74-ാം ടി20 മത്സരത്തിൽ ആണ് 100 വിക്കറ്റിൽ ഷഹീൻ എത്തുന്നത്.
ഏകദിനത്തിൽ 112 വിക്കറ്റുകളും ടെസ്റ്റ് ക്രിക്കറ്റിൽ 116 വിക്കറ്റുകളും അഫ്രീദിയുടെ പേരിലുണ്ട്.