15 വർഷത്തിന് ശേഷം നദീം ഷഹബാസിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി പതിനഞ്ച് വർഷത്തിന് ശേഷം ഷഹബാസ് നദീമിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ സ്ഥാനം ലഭിച്ചതോടെയാണ് നദീമിന്റെ പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന് അവസാനമായത്. മത്സരം തുടങ്ങാൻ 14 മണിക്കൂർ ബാക്കിയുള്ള സമയത്തും നദീം ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ല.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് പരിക്കേറ്റതോടെയാണ് മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ഷഹബാസ് നദീമിന് ഇന്ത്യൻ ടീമിൽ എത്താൻ അവസരം ലഭിച്ചത്. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുറത്തെടുത്ത മികച്ച പ്രകടനമാണ് നദീമിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തത്. ഇന്നത്തെ മത്സരം നടക്കുന്ന റാഞ്ചിയിലെ ഗ്രൗണ്ട് നദീമിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. 15 വർഷം മുൻപ് ധോണിക്ക് ഒപ്പം കളിച്ചുകൊണ്ടാണ് നദീം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്.

110 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച നദീം 28.59 ആവറേജിൽ 424 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യ  എ ടീമിന് വേണ്ടി വെസ്റ്റിൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും പുറത്തെടുത്ത മികച്ച പ്രകടനമാണ് നദീമിന് ഇന്ത്യൻ ടീമിലേക്കുള്ള അവസരം എളുപ്പമാക്കിയത്. 2018ൽ വെസ്റ്റിൻഡീസിനെതിരെയുള്ള ഏകദിന- ടി20 ടീമിലേക്ക് താരത്തിന് അവസരം ലഭിച്ചിരുന്നെങ്കിലും കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നില്ല.