നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോൾ, മത്സരഗതി മാറ്റിയ ഓൾറൗണ്ട് പ്രകടനത്തിന് ഷഫാലി വർമ്മയ്ക്ക് 2025 നവംബറിലെ ഐസിസി വനിതാ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ലഭിച്ചു.

ഫൈനലിൽ ഓപ്പണറായി ഇറങ്ങിയ ഷഫാലി 78 പന്തിൽ 87 റൺസ് നേടിയിരുന്നു. സ്മൃതി മന്ദാനയുമായി ചേർന്ന് 104 റൺസിൻ്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഇത് ഇന്ത്യയെ 298/7 എന്ന മികച്ച സ്കോറിലെത്തിക്കാൻ സഹായിച്ചു. തുടർന്ന് ബൗളിംഗിൽ തിളങ്ങിയ താരം, സുനേ ലൂസിൻ്റെയും മരിസാൻ കാപ്പിൻ്റെയും വിക്കറ്റുകൾ ഉൾപ്പെടെ 2/36 എന്ന മികച്ച പ്രകടനം കാഴ്ചവെച്ച് 52 റൺസിൻ്റെ വിജയം ഉറപ്പിച്ചു.
സ്റ്റാൻഡ്‌ബൈ താരമായി ടീമിലെത്തിയ ഷഫാലി, സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ടതും ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലിൽ 10 റൺസ് മാത്രം നേടിയതുമെല്ലാം മറികടന്നാണ് ഫൈനലിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്‌കാരം നേടി ഇന്ത്യയുടെ ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടത്.









