വീണ്ടും ഷഫാലി വർമ്മ തകർത്തു, തിരുവനന്തപുരത്തും ഇന്ത്യക്ക് വിജയം, പരമ്പര സ്വന്തം

Newsroom

Resizedimage 2025 12 26 22 09 50 1


തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതകൾ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ഓപ്പണർ ഷഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.

Resizedimage 2025 12 26 22 10 05 1

വെറും 42 പന്തിൽ നിന്ന് 11 ഫോറുകളും മൂന്ന് സിക്സറുമടക്കം 79 റൺസുമായി ഷഫാലി പുറത്താകാതെ നിന്നു. ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ മെഗ് ലാനിംഗിനെ മറികടന്ന് ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ (77) നേടിയ വനിതാ ക്യാപ്റ്റൻ എന്ന റെക്കോർഡ് ഹർമൻപ്രീത് കൗർ സ്വന്തമാക്കി.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. രേണുക സിംഗിന്റെയും ദീപ്തി ശർമ്മയുടെയും തകർപ്പൻ ബോളിംഗാണ് ലങ്കയെ 112 റൺസിൽ ഒതുക്കിയത്. രേണുക നാല് വിക്കറ്റും ദീപ്തി മൂന്ന് വിക്കറ്റും വീഴ്ത്തി. ഈ പ്രകടനത്തോടെ വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (151) നേടിയ മേഗൻ ഷട്ടിന്റെ റെക്കോർഡിനൊപ്പം ദീപ്തി ശർമ്മയുമെത്തി. ലങ്കൻ നിരയിൽ 25 റൺസെടുത്ത ഹസിനി പെരേരയ്ക്ക് മാത്രമാണ് അല്പമെങ്കിലും പൊരുതി നോക്കാനായത്. സൂപ്പർ താരം ചാമരി അത്തപ്പത്തുവിനെ വെറും മൂന്ന് റൺസിന് പുറത്താക്കി രേണുക ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയിരുന്നു.


മറുപടി ബാറ്റിംഗിൽ ഷഫാലി വർമ്മയുടെ ബാറ്റിംഗ് വിരുന്നാണ് തിരുവനന്തപുരത്തെ ഗാലറി സാക്ഷ്യം വഹിച്ചത്. വെറും 24 പന്തിൽ അർദ്ധസെഞ്ചറി പൂർത്തിയാക്കിയ ഷഫാലി, വനിതാ ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമെന്ന മിതാലി രാജിന്റെ റെക്കോർഡും മറികടന്നു. ജെമീമ റോഡ്രിഗസ് നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (21) ഷഫാലിക്കൊപ്പം ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാകും ഇനി ഇന്ത്യയുടെ ശ്രമം.