ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സെവാഗ്. രോഹിത് ശർമ്മ പുറത്തെടുക്കുന്ന പ്രകടനങ്ങൾ വിരാട് കോഹ്‌ലിക്ക് പോലും ഗ്രൗണ്ടിൽ ചെയ്യാൻ പറ്റില്ലെന്നും സെവാഗ് പറഞ്ഞു.
രോഹിത് ശർമ്മ സച്ചിൻ ടെണ്ടുൽക്കറെ പോലെയുള്ള താരമാണെന്നും ഇരുവരും ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റില്ലെന്നും സെവാഗ് പറഞ്ഞു. ഒരു ഓവറിൽ മൂന്ന് നാല് സിക്സുകൾ അടിക്കുകയും 45 പന്തുകളിൽ നിന്ന് 90 റൺസ് എടുക്കുന്നത് സ്ഥിരമായി വിരാട് കോഹ്‌ലിക്ക് പോലും പറ്റില്ലെന്നും രോഹിത് ശർമ്മക്ക് മാത്രമേ പറ്റുമെന്നും സെവാഗ് പറഞ്ഞു.
മത്സരത്തിൽ രോഹിത് ശർമ്മ 43 പന്തിൽ 85 റൺസ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കിയിരുന്നു. രോഹിത്തിന്റെ ഇന്നിങ്സിൽ 6 സിക്സുകളും 6 ഫോറുകളും നേടിയിരുന്നു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു.