മികച്ച നിലയില്‍ നിന്ന് 264/8 എന്ന നിലയിലേക്ക് വീണ് ബോര്‍ബഡോസ് ടെസ്റ്റിന്റെ ഒന്നാം ദിവസം സ്ഥിതി പരുങ്ങലിലായി വിന്‍ഡീസ്. ഇന്നലെ ഒരു ഘട്ടത്തില്‍ 240/4 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് ഒന്നാം ദിവസം ആതിഥേയര്‍ നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് രണ്ടാം ന്യൂബോള്‍ എടുത്ത ശേഷം കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.
ന്യൂബോള്‍ എടുത്ത പത്തോവറിനുള്ളില്‍ 24 റണ്‍സ് നേടുന്നതിനിടയില്‍ നാല് വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്സണ്‍ നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ മോയിന്‍ അലിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
മൂന്ന് വിന്‍ഡീസ് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങളും ഓപ്പണര്‍മാര്‍ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്തുമെത്തിയെങ്കിലും സ്കോര്‍ ബോര്‍ഡിലേക്ക് നോക്കുമ്പോള്‍ മത്സരം ഇംഗ്ലണ്ടിനു അനുകൂലമെന്ന് വേണം കരുതുവാന്‍. ലഭിച്ച തുടക്കങ്ങളെ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയത് വിന്‍ഡീസിനു തിരിച്ചടിയായി.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 53 റണ്‍സ് നേടിയ ശേഷമാണ് 44 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ പുറത്തായത്. താരം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 53 പന്തില്‍ നിന്നാണ് 44 റണ്‍സ് കാംപെല്‍ നേടിയത്. അതേ സമയം ഷായി ഹോപും(57) ക്രെയിഗ് ബ്രാത്‍വൈറ്റും(40) റോഷ്ടണ്‍ ചേസും(54) ടെസ്റ്റ് ശൈലിയില്‍ തന്നെ തങ്ങളുടെ ഇന്നിംഗ്സുകള്‍ മുന്നോട്ട് നയിച്ചു.
60 പന്തില്‍ നിന്ന് 56 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് ക്രീസിലുള്ളതെങ്കിലും വിന്‍ഡീസ് ഇന്നിംഗ്സ് അധികം ഓവറുകള്‍ പിടിച്ച് നില്‍ക്കാനാകുമെന്ന് തോന്നുന്നില്ല. ഹെറ്റ്മ്യര്‍ അതിവേഗത്തില്‍ സ്കോര്‍ ചെയ്ത് ഇന്നിംഗ്സ് സ്കോര്‍ 300 കടത്തിയാല്‍ ബോര്‍ബഡോസില്‍ വിന്‍ഡീസിനു ആശ്വാസമെന്ന് പറയാം.