തങ്ങള്‍ക്ക് ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ വേണ്ടത്ര മികവ് പുലര്‍ത്താനായില്ലെങ്കിലും യോഗ്യത നേടാനായി എന്നത് വലിയ കാര്യം തന്നെയാണെന്ന് വ്യക്തമാക്കി ടീമംഗമായ കാലം മക്‍ലോഡ്. ഇന്ന്
യുഎഇയ്ക്കെതിരെ 90 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി 2020 ടി20 ലോകകപ്പിന് സ്കോട്ലാന്‍ഡ് യോഗ്യത നേടിയത്. ജോര്‍ജ്ജ് മുന്‍സിയും റിച്ചി ബെറിംഗ്ടണും ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സഫ്യാന്‍ ഷെഫീഫും മാര്‍ക്ക് വാട്ടുമാണ് മികച്ച് നിന്നത്.
ആദ്യം ബാറ്റ് ചെയ്ത് 198 റണ്‍സ് നേടിയ സ്കോട്‍ലാന്‍ഡ് 18.3 ഓവറില്‍ 108 റണ്‍സിന് യുഎഇയെ പുറത്താക്കിയാണ് വിജയം പിടിച്ചെടുത്തത്. 65 റണ്‍സ് നേടിയ ജോര്‍ജ്ജ് മുന്‍സിയ്ക്കൊപ്പം 18 പന്തില്‍ നിന്ന് 48 റണ്‍സുമായി റിച്ചി ബെറിംഗ്ടണ്‍, കൈല്‍ കോയെറ്റ്സര്‍(34), കാലം മക്ലോഡ്(25) എന്നിവരുടെ ബാറ്റിംഗ് മികവ് കൂടി ചേര്‍ന്നാണ് സ്കോട്‍ലാന്‍ഡിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് വേണ്ടി 34 റണ്‍സ് നേടിയ റമീസ് ഷെഹ്സാദ് ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയിരുന്നില്ല. സ്കോട്‍ലാന്‍ഡിന് വേണ്ടി സഫ്യാന്‍ ഷെറീഫ്, മാര്‍ക്ക് വാട്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.