പാക്കിസ്ഥാന് ലീഡ് നൽകി സൗദ് ഷക്കീൽ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

റാവൽപിണ്ടിയില്‍ നടക്കുന്ന പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 24/3 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 267 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ 344 റൺസ് നേടി 77 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി.

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ് എന്നിവരെയാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ നഷ്ടമായത്. നോമന്‍ അലി രണ്ടും സാജിദ് ഖാന്‍ ഒരു വിക്കറ്റും നേടി. പാക്കിസ്ഥാനെ വീണ്ടും ബാറ്റിംഗിനയയ്ക്കുവാന്‍ ഇംഗ്ലണ്ട് 53 റൺസ് കൂടി നേടണം.

ആദ്യ ഇന്നിംഗ്സിൽ 89 റൺസ് നേടിയ ജെയിമി സ്മിത്ത് ആണ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്. ബെന്‍ ഡക്കറ്റ് 52 റൺസും ഗുസ് അറ്റ്കിന്‍സൺ 39 റൺസും നേടി.

Saudshakeel

134 റൺസ് നേടിയ സൗദ് ഷക്കീൽ ആണ് പാക്കിസ്ഥാന്‍ ബാറ്റിംഗിൽ തിളങ്ങിയത്. 265/8 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാനെ നിര്‍ണ്ണായക ലീഡിലേക്ക് എത്തിച്ചത് 48 റൺസുമായി പുറത്താകാതെ നിന്ന സാജിദ് ഖാനും 45 റൺസ് നേടിയ നോമന്‍ അലിയും ആണ്.